അഷറഫ് മാഷ്  എന്ന അകേല

സി കെ മനോജ് കുമാർ എഴുതിയ,അഷറഫ് മാഷ് അനുസ്മരണകുറിപ്പ്

വടകര:നാദാപുരം കോടഞ്ചേരി എൽ പി സ്കൂളിലെ ക ബ്ബ് അദ്ധ്യാപകനായിരുന്ന പ്രിയപ്പെട്ട അഷ്റഫ് – കുട്ടികളുടെ ഹൃദയത്തിൽ കൈയൊപ്പ് പതിപ്പിച്ച അദ്ധ്യാപൻ.

  • എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾ.
    നടുവത്തൂരിലെ കാനനഛായയിൽ സുരേഷ് മാഷ് നടത്തിക്കൊണ്ടിരുന്ന ഒരു ബേസിക് കോഴ്സിൻ്റെ ഇടവേളകളിൽ അവിടം സന്ദർശിച്ചപ്പോഴാണ് ആദ്യ കണ്ടുമുട്ടൽ…
    അതീവ ജാഗ്രതയോടെ, അനന്യമായ ഉത്സാഹത്തോടെ, തികഞ്ഞ ചൊടിയോടെ കോഴ്സിലെ ഓരോനിമിഷങ്ങളും ആസ്വദിച്ചുകൊണ്ട് സജീവ പങ്കാളിത്തത്തിൻ്റെ ലഹരിയിൽ കബ്ബിംഗിൻ്റെ കാൽപ്പനിക സൗന്ദര്യം ആത്മാവിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ.
    പിന്നീട് ജില്ലയിലെ കബ്ബ് പരിപാടികളിൽ പലപ്പോഴും കണ്ടുമുട്ടി…
    കുട്ടികളുടെ അകേലയായി രസിച്ച് ജീവിക്കുന്ന അഷറഫ് എല്ലാവർക്കും ഒരത്ഭുതമായിരുന്നു.
    പടിപടിയായി ജില്ലയുടെ കബ്ബ് പരിപാടികളുടെ – ഉത്സവം – ടെസ്റ്റുകൾ – നേതൃ നിരയിൽ അഷറഫ് ഇടംപിടിച്ചു. തന്നെ കൈ പിടിച്ച് ഈ മേഖലയിലേക്കുയർത്തിയ സുരേഷ് സാറിൻ്റെ കൂടെ നടന്നുകൊണ്ട് കബ്ബ് പരിശീലനത്തിലെ അടവുകളും തൊഴിലുകളും അഷറഫ് സ്വായത്തമാക്കി. സുരേഷാവട്ടെ അഷ്റഫിൻ്റെ സ്ഥിരോത്സാഹവും, താൽപര്യവും ആത്മാർത്ഥതയും തൊട്ടറിഞ്ഞ് ആവനാഴിയിലെ മുഴുവനസ്ത്രങ്ങളും ശിഷ്യന് ദാനം ചെയ്തു. അതുകൊണ്ട് തന്നെ ഗുണനിലവാരത്തോട് ഒര് തരത്തിലും compra mise ചെയ്യാതെ ജില്ലയിലെ കബ്ബിംഗിനെ മുന്നോട്ട് നയിച്ചു.
    തികഞ്ഞ ആത്മാർത്ഥത… ചെയ്യുന്ന പ്രവർത്തനങ്ങളോടും സ്കൗട്ടിംഗിനോടുമുള്ള കൂറ്……. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ്….. എല്ലാറ്റിനുമുപരിയായി ”അഡാപ്റ്റബിലിറ്റി ” എന്ന ഗുണം…. വടകരയിലെ എണ്ണം പറഞ്ഞ കബ്ബ് അധ്യാപകരുടെ നിരയിലേക്ക് ഒര് ഉയർച്ചയായിരുന്നു പിന്നെ.. ഹിമാലയ വുഡ് ബാഡ്ജ് പൂർത്തിയാക്കി….
    ജില്ലയിലെ കബ്ബ് വിഭാഗത്തിൻ്റെ ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണറായി. സുരേഷ് മാഷുടെ കൂടെയും മറ്റ് കബ്ബ് ട്രെയിനർമാരുടെ കൂടെയും ബേസിക് കോഴ്സുകൾ അസിസ്റ്റ് ചെയ്തു. ഞാൻ DTC ആയിരിക്കുമ്പോൾ TT മീറ്റിൽ വച്ച നിർദ്ദേശപ്രകാരം Pre – ALT കോഴ്സിന് അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. ഒരുപാട് നിർബ്ബന്ധിച്ചതിന് ശേഷമാണ് അദ്ദേഹം അപേക്ഷ അയച്ചത്. നിർഭാഗ്യമെന്ന് പറയട്ടെ ആ കോഴ്സിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് വീണ്ടും ക്ഷണം വന്നപ്പോളും ആദ്യത്തെ പോലെ തന്നെ അദ്ദേഹം താൽപ്പര്യം കാണിച്ചില്ല. സ്നേഹപൂർണ്ണമായ ഒരുപാട് നിർബന്ധങ്ങൾക്ക് ശേഷം അദ്ദേഹം അപേക്ഷ അയക്കുകയും ദേശീയ പരിശീലന കേന്ദ്രത്തിൽ വച്ച് കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു.
    ഈ കാലയളവിൽ സംസ്ഥാന തലത്തിലും ദേശീയതലത്തിലും നടന്ന ഒട്ടേറെ കബ്ബ് ബുൾബുൾ ഉത്സവങ്ങൾക്കും മറ്റ് പരിപാടികൾക്കും കുട്ടികളെ നയിച്ചു കൊണ്ടുപോകാനും വടകരയുടെ പേര് ഉയർത്തിക്കാട്ടാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രി എ എൽ ടി കോഴ്സിന് പോകും മുമ്പ് ഏതാണ്ട് 15 ഓളം ബേസിക് കോഴ്സുകൾ അസിസ്റ്റ് ചെയ്ത അനുഭവം അഷ്റഫിന് കൈമുതലായുണ്ടായിരുന്നു. യൂത്ത് പ്രോഗ്രാമിലും , അഡൽറ്റ് പ്രോഗ്രാമിലും ഒരുപോലെ തിളങ്ങിയ ഒരു കബ്ബ് മാസ്റ്റർ.
    രണ്ട് തവണ വടകരയിലെ യൂണിറ്റ് ലീഡർമാർ നടത്തിയ സാഹസിക ബൈക്ക് പര്യവേഷണ യാത്രകളിൽ അഷ്റഫ് ടീമംഗമായിരുന്നു. ഒരുമിച്ച് കാഷ്മീർ വരെ ഒരു ബൈക്ക് യാത്ര അഷറഫിൻ്റെ സ്വപ്നമായിരുന്നു. പല തവണ അത് ഓർഗനൈസ് ചെയ്യാൻ എന്നെ നിർബന്ധിച്ചിട്ടുമുണ്ട്.
    ഈ പ്രവർത്തനങ്ങളൊക്കെ നടത്തുമ്പോഴും മിടുക്കനായ ഒരു മാപ്പിളപ്പാട്ടുകാരനായും, മതപ്രസംഗകനായും, യുവജനോത്സവ വേദികളിൽ മാപ്പിളകലകളുടെ വിധികർത്താവായും അഷറഫ് തിളങ്ങി. എല്ലാരംഗങ്ങളിലും ഗുണനിലവാരത്തിൻ്റെ പക്ഷത്തേക്ക് ചേർന്നു നിന്ന തികഞ്ഞ ഒരു പക്ഷപാതിയായി അഷറഫ് തലയെടുത്തു നിന്നു. “എനിക്ക് പൊക്കം കുറവാ
    ണെന്നെ പൊക്കാതിരിക്കുവിൻ”
    എന്ന് പറയാതെ പറഞ്ഞു കൊണ്ട്.
    അഷ്റഫിൻ്റെ വീടിനടുത്തുള്ള വലിയ മരം പടർന്ന് പന്തലിച്ച് തൊട്ടടുത്ത പറമ്പിലേക്കും തണൽ പരത്തും പോലെ ആ മനസ്സിലെ സ്നേഹം എല്ലായിടത്തും തണൽ പരത്തിയിരുന്നു…
    അതിൻ്റെ കുളിർമ്മ എല്ലാ മനസ്സുകളിലും അനുഭവവേദ്യമായിരുന്നു. ജീവിത വേദിയോട്
    വിട പറയുമ്പോൾ അസി. ജില്ലാ കമ്മീഷണർ കബ്ബ് എന്ന നിലയിൽ ജില്ലയിൽ സേവനം നടത്തുകയായിരുന്നു.
    രോഗ പീഡകളെ മനസ്സിൻ്റെ പടിപ്പുറത്ത് നിർത്തി കർമ രഥ്യയിലൂടെ ചലിച്ച ആ കർമ ബഹുലമായ ജീവിതയാത്ര അവസാനിച്ചു…
    കറുത്ത കാലത്തിൻ്റെ, അനിവാര്യമായ
    വിധി ആ ജീവനെ അക്ഷരാർത്ഥത്തിൽ
    പറിച്ചെടുത്തു.
    ഐ സി യു വിൽ കയറി അവസാനമായി അഷ്റഫിനെ കണ്ടപ്പോൾ ഉള്ളു പിടയുകയായിരുന്നു.
    പൊതുദർശനത്തിന് വെച്ച ആ ഭൗതിക ശരീരത്തിന് Last Salute നൽകുമ്പോൾ മനസ്സ് ഇടറുകയായിരുന്നു.
    പരസ്പരം പങ്കുവെച്ച ഒരു പാട് സ്വപ്നങ്ങൾ ബാക്കിയാക്കി നീ പോയെങ്കിലും
    അകാലത്തിൽ എരിഞ്ഞടങ്ങിയ, എൻ്റെ പ്രിയപ്പെട്ട വെള്ളിനക്ഷത്രമേ……
    നിൻ്റെ സ്നേഹമൊഴുകുന്ന വിളിയും, ചിരിക്കുന്ന മുഖവും, തിളങ്ങുന്ന കണ്ണുകളും എന്നും മനസ്സിലുണ്ടാകും.
    പരലോകജീവിതം ധന്യമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading