കോഴിക്കോട് : വടകരയുടെ സ്കൗട്ടിംഗ് മോഹങ്ങളെ തളിരണിയിച്ച ആദ്യകാല സാരഥി ശ്രീ. ഭാസ്കരൻ മാസ്റ്റർ. ഓർക്കാട്ടേരിയിലെ ഇടവഴികളിലൂടെ കാക്കി ഷർട്ടും കാക്കിട്രൗസറുമിട്ട് കുട്ടികൾ നടന്നു പോകുമ്പോൾ “ഭാസ്കരൻ മാഷെ കുട്ടികൾ” വരുന്നു എന്നു നാട്ടുകാർ പറയുമായിരുന്നത്രേ. സ്കൗട്ടിംഗിനോട് ഒരു വല്ലാത്ത അഭിനിവേശമായിരുന്നു മാഷക്ക്. ജില്ലയിലെ കുട്ടികളുടെ ക്യാമ്പുകളിലെല്ലാം അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. 1978 ൽ മരുതോങ്കര ഹൈസ്കൂളിൽ വച്ച് നടന്ന നോർത്തേൺ ഏരിയ സ്കൗട്ട് ക്യാമ്പിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കർക്കശക്കാരനായ ക്യാമ്പ് ലീഡർ. നിർദ്ദേശങ്ങൾ കണിശവും കൃത്യവും . എല്ലാ സ്ഥലത്തും അദ്ദേഹത്തിൻ്റെ കണ്ണും കാലും എത്തുന്നു. ഗൗരവം നിറഞ്ഞുനിൽക്കുന്ന പരുക്കൻ ഭാവത്തോടെ ക്യാമ്പ് നയിക്കുന്ന ഭാസ്കരൻ മാസ്റ്റർ ക്യാമ്പ് ഫയർവേളകളിൽ തികഞ്ഞ ഒരു “ബോയ് മാനാവുന്നത് ” കാണാം. അത്ഭുതകരമായ ഒരു ട്രാൻസ്ഫർമേഷൻ. അന്നത്തെ മരുതോങ്കര ശരിക്കും ഒരു കാട്ടുപ്രദേശം തന്നെയായിരുന്നു. പ്രകൃതിയോടൊത്ത് , മാഷുടെ നേതൃത്വത്തിലുള്ള ആ ക്യാമ്പ് ഒരു മറക്കാൻ പറ്റാത്ത അനുഭവം തന്നെ ഞങ്ങൾക്ക് പ്രദാനം ചെയ്തു.
ആ കാലഘട്ടത്തിൽ കേരളത്തിലങ്ങോളമിങ്ങോളം നടന്ന മിക്കവാറും എല്ലാ യൂനിറ്റ് ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പിലും അദ്ദേഹത്തിൻ്റെ ഗുരുസ്പർശമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പഴയ കാല ട്രെയിനർമാർക്കൊക്കെ “ഓർക്കാട്ടേരി ഭാസ്കരൻ” സുപരിചിതനായിരുന്നു. മുൻ സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ ശ്രീ സാമുവൽ ഫ്രാൻസിസ് സാർ മരിക്കുന്നതിന് തലേവർഷം വരെ ഭാസ്കരൻ മാസ്റ്റരുടെ വീട്ടിൽ കൊല്ലത്തിലൊരിക്കലെങ്കിലും സന്ദർശിക്കാറുണ്ടായി രുന്നു.
സ്കൗട്ട് മാസ്റ്റേഴ്സിനുള്ള ഏറ്റവും ഉയർന്ന പരിശീലനമായ ഹിമാലയ വുഡ് ബാഡ്ജ് കോഴ്സ് പൂർത്തിയാക്കിയിരുന്നു അദ്ദേഹം. 1985 ൽ ALT കോഴ്സിൽ പങ്കെടുക്കാനും ഒരു ട്രെയിനർ ആകാനുമുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നതിനിടയിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
ആഗസ്ത് 20 അദ്ദേഹത്തിൻ്റെ ഓർമ്മ ദിനം
പ്രിയങ്കരനായ ശ്രീ. ഭാസ്കരൻ മാസ്റ്റരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
