സ്നേഹ ദീപമേ നയിച്ചാലും
CK മനോജ് കുമാർ

സപ്തംബർ 19…
ഓർമകളുടെ രഥചക്രച്ചാലുകളിൽ നനുത്ത ഒരു നിലാവെളിച്ചം ബാക്കി നിർത്തി കാലയവനികക്കുള്ളിലേക്ക് നടന്നു മറഞ്ഞ ഒരു മഹാത്മാവിൻ്റെ ഓർമദിനം…
ഒരു പാട് കുട്ടികൾക്ക് അക്ഷര മധുരം പകർന്ന….
ഒരുപാടു സ് കൗട്ടുകൾക്ക് ജീവിതവിജയം നേടിക്കൊടുത്ത…….ഒരു പാട് പേരെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ……
പ്രിയപ്പെട്ട സി കെ നാരായണൻ മാസ്റ്റർ എന്ന വടകരയുടെ സി കെ എൻ.
വടകരയുടെ ആദ്യകാല സ്കൗട്ട് തേരോട്ടങ്ങൾക്ക് സാരഥ്യം വഹിച്ച മഹാരഥൻ….
സ്കൗട്ട് പരിശീലനവുമായി ബന്ധപ്പെട്ട് നടുവത്തൂരിലെ പരിശീലന കേന്ദ്രത്തിൽ വച്ചാണ് സി കെ എൻ എന്ന മഹാപ്രതിഭയെ പരിചയപ്പെടുന്നത്.. തുടർന്ന് പത്തു ദിവസം കൊണ്ട് മനുഷ്യനെ കടഞ്ഞെടുക്കുന്ന പരിശീലന മാമാങ്ക കാലത്ത് സി കെ എൻ കൂടെയുണ്ടായിരുന്നു…
ക്യാമ്പിലെ അംഗങ്ങളുടെ സുഖവും സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട്…
ഓരോ സ്ഥലത്തും നോട്ടവും സ്പർശവും എത്തിച്ചു കൊണ്ട്…
അത്ഭുതമായിരുന്നു ഞങ്ങൾക്ക്….
പിന്നീട് സ്കൂളിലെത്തി യൂണിറ്റ് തുടങ്ങിയത് മുതൽ കൂടെയുണ്ടായിരുന്നു.. എൻ്റെ മാത്രമല്ല
ജില്ലയിലെ മുഴുവൻ സ് കൗട്ട് യൂണിറ്റ് ലീഡർമാരുടെയും….
ഓരോരുത്തരുടെയും കഴിവുകൾ കണ്ടെത്തുകയും, അവസരങ്ങൾ നൽകുകയും,
ശാസിക്കുകയും,
സാന്ത്വനിപ്പിക്കുകയും,
ചേർത്തു പിടിക്കുകയും
ചെയ്തു കൊണ്ട്.
ഹ്യൂമൻ റിസോഴ്സ്
എത്ര ശാസ്ത്രീയമായി
മാനേജ് ചെയ്യാമെന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം കാണിച്ചു തന്നു.
യൂണിറ്റിലും ലോക്കലിലും
ഇന്നവേറ്റീവായ പരിപാടികൾ നടത്താൻ ധൈര്യം തന്ന ജില്ലാ ഭാരവാഹികളിൽ പ്രമുഖനായിരുന്നു സി കെ എൻ.
ജില്ലയുടെ ട്രഷറർ ആയിരുന്ന കാലത്ത് ഒരു യഥാർത്ഥ ട്രഷററായും
സെക്രട്ടറിയായ കാലത്ത്
കൃത്യതയും പാകതയുമുള്ള സെക്രട്ടറിയായും
ജില്ലാ കമ്മീഷണർ ആയ കാലത്ത് ഒരു
ശരിയായ മെൻറർ ആയും അദ്ദേഹം തിളങ്ങി…
ഓരോ റോളിലും യഥാർത്ഥ മാതൃകയായി, ഏതു വേഷവും തനിക്ക് ഇണങ്ങുമെന്ന് ബോധ്യപ്പെടുത്തിയ സി കെ എൻ…..
ഏത് പ്രശ്നങ്ങൾക്കും പരിഹാരം….
സ്നേഹത്തോടെ യു ളള ഉപദേശങ്ങൾ
കാർക്കശ്യത്തോടെയുള്ള നിർദ്ദേശങ്ങൾ…
ആരെങ്കിലും എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ പറഞ്ഞാൽ
പൂർണ്ണമനസ്സോടെ പരിഗണിക്കുന്ന യഥാർത്ഥ നേതൃപാടവം…. നേതൃസ്ഥാനത്തിരുന്നു കൊണ്ട് ഒരിക്കൽ പോലും ഒരാളുടെയും മനസ് വേദനിപ്പിക്കാത്ത യഥാർത്ഥ മനുഷ്യസ്നേഹി….
വടകര പോലെയുള്ള വിശാലമായ ഒരു ജില്ലയിൽ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടും ഒര് അസ്വാരസ്യം പോലും ആരിലും അദ്ദേഹം ഉണ്ടാക്കിയില്ല എന്നത് തന്നെ അദ്ദേഹത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നു.
തൻ്റെ സ്വതസിദ്ധമായ കഴിവു കൊണ്ട് ജില്ലാ അസോസിയേഷനെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.തൻ്റെ വ്യക്തിപരമായ സമയം മുഴുവൻ സ്കൗട്ടിംഗിന് വേണ്ടി അദ്ദേഹം മാറ്റിവച്ചു..
നടുവത്തൂരിലെ സ്കൗട്ട് പരിശീലന കേന്ദ്രത്തിൻ്റെ പിറവിക്കു പിന്നിലും പയ്യോളിയിലെ ജില്ലാ കാര്യാലയം യാഥാർത്ഥ്യമായതിൻ്റെ പിന്നിലും സി കെ എൻ എന്ന പ്രതിഭയുടെ പ്രവർത്തനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കർമണ്യത മുഖമുദ്രയാക്കിയ അദ്ദേഹത്തിൻ്റെ ജീവിത ശൈലി അനുകരിക്കാൻ പലരും ശ്രമിച്ചതായി അറിയാം.. അദ്ദേഹത്തിൻ്റെ കുടുംബം മുഴുവൻ സ്കൗട്ടിംഗ് പ്രവർത്തനത്തിന്
കൂടെ നിന്ന് കരുത്തേകി….
കരുത്തുള്ള, സ്നേഹഗന്ധിയായ
പ്രവർത്തനങ്ങൾക്ക് മെഡൽ ഓഫ് മെറിറ്റ് നൽകി സംസ്ഥാന അസോസിയേഷൻ അദ്ദേഹത്തെ ആദരിച്ചു.
പ്രിയ സി കെ എൻ
നിനച്ചിരിക്കാതെ താങ്കൾ കടന്നു പോയി….
താങ്കൾ എനിക്കാരായിരുന്നു………….
ഫ്രണ്ട് ……?
ഫിലോസഫർ…….?
ഗൈഡ്…….?
അറിയില്ല…………….
ഒന്നറിയാം..
ജീവിതയാത്രയിൽ കാലിടറിപ്പോകുമായിരുന്ന ഒരു പാട് സന്ദർഭങ്ങളിൽ ഒരു താങ്ങായിരുന്നു താങ്കൾ…….
പല നിർണായക തീരുമാനങ്ങളും എടുക്കാൻ സഹായിച്ചത് അങ്ങ് പകർന്നു തന്ന ആദർശ ബോധമായിരുന്നു.
ആ കരുത്ത് ഒരിക്കലും ചോർന്ന് പോകില്ലെന്ന്
ആ ആദർശം ഒരിക്കലും പണയം വെക്കില്ലെന്ന്
അങ്ങയുടെ ഈ ഓർമദിനത്തിൽ പ്രതിജ്ഞ ചെയ്യട്ടെ
On My honour I promise that……….
കർമപഥത്തിൽ ഊർജമേകിക്കൊണ്ട്
ഓർമയിൽ ഒരു കുളിർനിലാവായി എന്നുമുണ്ട് ആ ചിരി…
നനുത്ത കാറ്റിൻ്റെ തലോടലായി ആ അദ്യശ്യ സാന്നിധ്യവും……
പ്രിയ സി കെ എൻ
ദീപ്തമായ……
പ്രിയതരമായ……
ആ ഓർമകൾക്ക് മുന്നിൽ
ഒരു പിടി വാടാമലരുകൾ അർപ്പിക്കുന്നു…
സ്നേഹ ദീപമേ നയിച്ചാലും