താളൂർ: കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് നാമകരണം ചെയ്ത കാര്‍ഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വര്‍ഷം 10 ടണ്ണിലധികം അരി ഉൽപാദിപ്പിക്കുന്നുണ്ട്. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും വിവിധയിനം പച്ചക്കറികളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിലൂടെ വിപുലമായി നടന്നു വരുന്നു. രണ്ട് വർഷങ്ങളായി പൂ കൃഷിയും ഉണ്ട് ക്യാമ്പസിൽ.

പാടത്തും പറമ്പിലും ഇറങ്ങി ശീലമില്ലാത്ത പുതു തലമുറയിലെ മക്കള്‍ക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിന്റെ വിലയും അറിയാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കുക എന്നതുമാണ് തുടർച്ചയായ അഞ്ചു വർഷമായി പ്രസ്തുത കാർഷിക പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ പ്രചോദനമെന്ന് കോളേജ് സെക്രട്ടറിയും ഭാരതീയാർ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെമ്പറുമായ ഡോ. റാഷിദ് ഗസ്സാലി പങ്കുവെച്ചു. വർഷത്തിൽ പത്ത് മണിക്കൂർ കൃഷി പ്രവർത്തി പരിചയത്തിലൂടെ വിദ്യാർത്ഥികളെ ജൈവ കൃഷികളോടും അനുബന്ധ കാര്യങ്ങളോടും അടുപ്പിക്കുക എന്ന വലിയ സ്വപ്നത്തിലാണ് ക്യാമ്പസ് പ്രവർത്തിക്കുന്നത്. നീലഗിരി കോളേജ് നാക് റാങ്കിങ്ങിൽ ഉയർന്ന ഗ്രേഡ് ആയ A ++ വാങ്ങിയതിലും ഈ പദ്ധതികൾ വലിയ പങ്ക് വഹിച്ചിരുന്നു. ഈ വർഷം മുതൽ ഓട്ടോണോമസ് എന്ന പദവിയോടെ പ്രവർത്തിക്കുന്ന കോളേജ് എന്നതും ഏറെ ശ്രദ്ധേയമാണ്.
സീസണിൽ ആഴ്ചയിലൊരിക്കൽ ക്യാമ്പസില്‍ “മകഴ്ച്ചി ചന്ത” എന്ന പേരിൽ ഒരു ഓപ്പൺ മാർക്കറ്റും പ്രവര്‍ത്തിക്കുന്നു. ക്ലാസ് കഴിഞ്ഞ് പോകുന്ന കുട്ടികളും അധ്യാപകരും വിഷരഹിത പച്ചക്കറികളും കാർഷിക വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കോളേജിന്റെ പ്രത്യേകതയാണ്.