പരപ്പനങ്ങാടി: ഓണക്കോടി
സ്നേഹക്കോടി തിരൂരങ്ങാടി ജില്ലാതല വിതരണോദ്ഘാടനം
മുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് നിർവഹിച്ചു .
നയനങ്ങളിൽ വിടർന്ന. ഓണപ്പൂത്തിരികൾ
തിരൂരങ്ങാടി DOC ഗൈഡ് കെ ഷക്കീല ടീച്ചറുടെ കുറിപ്പ് വൈറലാകുന്നു
കുറിപ്പിൻ്റെ പൂർണ്ണാംശം ഇങ്ങനെ
സ്കൗട്ട് & ഗൈഡ് ഓണക്കോടി സ്നേഹക്കോടി
തിരുരങ്ങാടിജില്ലാതല ഉത്ഘാടന വേദിയിൽ പി. ടി. എ പ്രസിഡന്റ് അൻവർമാഷ് ന്റെ വാക്കുകൾ ചിന്തനീയമായിരുന്നു.
” പ്രിയപ്പെട്ട കുട്ടികളെ. നിങ്ങൾ ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനും കത്തിച്ചു തീർക്കുന്ന പൂത്തിരിയേക്കാൾ മനോഹരമായ ചില പൂത്തിരികൾ നിങ്ങൾക്ക് കാണാം.വേറൊന്നുമല്ല നിങ്ങൾ നൽകുന്ന സ്നേഹക്കോടി ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണിൽ തെളിയുന്ന പൂത്തിരി. അതാണ് യഥാർത്ഥ സന്തോഷം “
ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണെന്നു ബോധ്യം വന്ന മഹത്തായ ദിനമായിരുന്നു ഇന്ന്.
ഞങ്ങൾ പോയ വീടുകളിൽ ഒന്നിൽ നിന്നും ഒരു അമ്മമ്മ ഇറങ്ങി വന്നു.
“സ്നേഹം
കുട്ട്യോളെ.
ഇവിടെ ഞങ്ങൾ മാത്രേ ഉള്ളു.
ഞാനും എന്റെ ആങ്ങളയും
അവനു തീരെ സുഖല്യ, എനിക്കാണെങ്കിൽ ജോലി ചെയ്യാനുള്ള ആരോഗ്യവും ഇല്ല.
ഉള്ളിലേക്ക് കയറാൻ പഴുതി ല്ലാത്ത ആ വീട്ടിൽ നിന്ന് ഇറങ്ങി വന്ന് ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” അതിനെന്താ കോടിയൊക്കെ ഉടുത്ത് ഓണം ഗംഭീരമാക്കണം”
ഞങ്ങൾ പറഞ്ഞു.
ശേഷം ഗൈഡ്സ് ഓണക്കോടി നൽകി.
സതി ടീച്ചറും ശോഭന ടീച്ചറും ഈ പ്രായത്തിലും അത്രയും ഊടുവഴികളിലൂടെ നടക്കുവാനും വിതരണത്തിനു തയ്യാറായതും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി
13 വീടുകളിലായി 18 പേർക്ക് ഇന്നത്തെ വിതരണം പൂർത്തിയാക്കിയപ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ എന്നെ പിടികൂടിയിരുന്നു.
*മക്കളില്ലാത്ത ചിലർ*
*പേരിനുമാത്രം വീടുള്ള*,
*ചോർന്നൊലിക്കുന്ന മേൽക്കൂരയുള്ള മറ്റു ചിലർ*,
*നിത്യരോഗികൾ ആയി ജീവിതത്തോട് മല്ലിടുന്നവർ*
,
*അമ്മയുടെ കൂലിവേല യിൽജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവർ*,
*അച്ഛൻ മരിച്ചവർ,*
*അച്ഛൻമാർ ഉണ്ടായിട്ടും ഉപകാരമില്ലാത്തവർ*
അങ്ങിനെയങ്ങനെ നിരവധി മനുഷ്യജന്മങ്ങൾ

പലരുടെയും കണ്ണുകൾ സ്നേഹക്കോടി കൈമാറുമ്പോൾ നിറയുന്നത്
ഹൃദയത്തിൽ നീറിപ്പടർന്നു.
ഹസീനടീച്ചറും അമീനടീച്ചറും
താനൂർ ഭാഗത്തേക്കുള്ള സ്നേഹക്കോടിയുമായി പരീക്ഷസമയത്തിന് ശേഷം പോയതും അവിടെ കണ്ടകാഴ്ചകളിൽ മനം നൊന്ത് പറഞ്ഞവാക്കുകൾ ഹൃദയം തൊടുന്നു.
“നമുക്ക് കുട്ടികളെ ഇത്തരം കാര്യങ്ങളിൽ കൂടുതൽ സജീവമാക്കണം എന്ന ഹസീനയും അമീനയും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ ഓരോ കാഴ്ചയും എത്രവേഗമാണ് നമ്മിൽ സ്വാധീനം ചെലുത്തുന്നത് എന്നതായിരുന്നു ചിന്തയിൽ.
“*മിസ്സേ നമുക്ക് എന്തെങ്കിലും ഫണ്ട് ശേഖരിച്ച് അവരുടെ ചോരണ മേൽക്കൂര ഒന്ന് നന്നാക്കി കൊടുക്കണം ആ അമ്മമാർ നേരാംവണ്ണം ഒന്ന് കിടന്നുറങ്ങട്ടെ*”
സ്കൗട്ട് റിഷാലിന്റെ വാക്കുകൾ എന്റെ മനം കുളിർപ്പിച്ചു.
കൂടെവന്ന മറ്റു സ്കൗട്ട്സ് & ഗൈഡ്സും അത് ഏറ്റു പിടിച്ചു.
നന്മ ചെയ്യാനുള്ള ഒരു സന്നദ്ധത അവരുടെ ഉള്ളിൽ നിറഞ്ഞല്ലോ. അത് മതിയായിരുന്നു.
അതിൽ നന്മയുടെ മുകുളങ്ങൾ വീണ്ടും വീണ്ടും തളിർക്കാതിരിക്കില്ല.
മനസ്സ് മന്ത്രിച്ചു. ……