ത്രിശ്ശൂർ- ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ഇന്ന് കളക്ടറേറ്റില്‍ എത്തിയത്. ടിവിയും സൈക്കിളും പിന്നീട് വാങ്ങാം എന്ന് ശിവന്യ പറഞ്ഞു നിർത്തിയപ്പോൾ , ശിവനന്ദ കുന്നിക്കുരു പോലെ കൂട്ടിവച്ചിരുന്ന നാണയത്തുട്ടുകളും , അച്ഛനും അമ്മാവന്മാരും , ബന്ധുക്കളും എല്ലാം നൽകിയ ചെറിയ ചെറിയ സമ്മാനത്തുകള്‍ മുതൽ കഴിഞ്ഞകാലങ്ങളിൽ കിട്ടിയ ചെറുതും വലുതുമായ മുഴുവൻ സമ്പാദ്യവും ചേർത്തുപിടിച്ച് അവർ ഒരു നാടിൻറെ കണ്ണീരൊപ്പാൻ രാവിലെ തന്നെ കളക്ടറേറ്റിലേക്ക് പുറപ്പെട്ടു. രക്ഷിതാക്കളിൽ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഏറെ നാളായി ചേര്‍ത്തുവച്ച 3050 രൂപയാണ് സഹായമായി നല്‍കിയത്. തൃശ്ശൂർ ചിയാരം സ്വദേശികളായ ഇവര്‍ പിതാവ് സി.എസ് സനീഷിനോടൊപ്പമാണ് കളക്ടറേറ്റില്‍ എത്തിയത്. ത്രിശ്ശൂർ ജില്ല കലക്ടർ ശ്രീ. ആർജുൻ പാണ്ഡ്യൻ ഐ.എ.എസ് സംഭാവന സ്വീകരിച്ചു. കുട്ടികളുടെ സാമൂഹ്യ കാഴ്ചപ്പാടും മാനുഷിക മൂല്യവും മാതൃകാപരമാണെന്ന് കളക്ടർപറഞ്ഞു.
